
ഇന്ന് രാമകൃഷ്ണ ഹെഗ്ഡെയുടെ തൊണ്ണൂറ്റിയൊമ്പതാം ജന്മദിനമാണ് .ഇരുപത്തിയൊന്ന് വർഷം മുമ്പാണ് ,കൃത്യമായി പറഞ്ഞാൽ 2004 ജനവരി 12 നാണ് മഹാനായ ആ നേതാവ് ഈ ലോകം വിട്ടുപോയത്. ഇപ്പോൾ അധികമാരും അദ്ദേഹത്തെ ഓർക്കുന്നുപോലുമില്ല . കർണ്ണാടകം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായിരുന്നു ഹെഗ്ഡെ .മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായി അറിയപ്പെട്ട അദ്ദേഹം ദേശീയ നേതാവായി വളർന്നു .പ്രധാനമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടു .പക്ഷെ സ്വന്തം പാളയത്തിലെ സുഹൃത്തുക്കൾ അദ്ദേഹത്തെ പിന്നിൽനിന്ന് കുത്തി .താൻ രൂപംകൊടുത്ത ജനതാദൾ എന്ന പാർട്ടിയിൽ നിന്ന് ഹെഗ്ഡെ പുറത്തായി .അവസാനകാലത്ത് പ്രധാനപ്പെട്ട ഒരു രാഷ്ടീയ പാർട്ടിയുടെയും പിന്തുണ ഹെഗ്ഡെയ്ക്ക് ഉണ്ടായിരുന്നില്ല .അതുകൊണ്ടുതന്നെ ആ പാർട്ടികളൊന്നും അദ്ദേഹത്തെ സ്മരിക്കുന്നുമില്ല. 'കേരളശബ്ദ'ത്തിന് വളരെയേറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു ഹെഗ്ഡെ .നിരവധി തവണ ഈ ലേഖകൻ അദ്ദേഹത്തിന്റെ പ്രത്യേക ഇന്റർവ്യൂ എടുത്ത് കേരളശബ്ദത്തിൽ പ്രധാന്യത്തോടെ കൊടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ വസതിയായ കൃതികയിലെ ഒന്നാംനിലയിലെ സ്വകാര്യമുറിയിലേക്ക് ഏതുസമയത്തും കടന്നുചെല്ലാൻ കേരളശബ്ദം ലേഖകന് അനുവാദമുണ്ടായിരുന്നു .ശിഷ്ടവൃത്താന്തം എന്ന പുസ്തകത്തിൽ ഈ ലേഖകൻ ഹെഗ്ഡെയെ അനുസ്മരിക്കുന്നുണ്ട് . ബംഗളുരുവിലെ യശ്വന്തപുരത്തുനിന്ന് മേഹ്രി സർക്കിളിലേക്ക് പോകുമ്പോൾ ഞാൻ ഇപ്പോഴും കൃതികയിലേക്ക് നോക്കാറുണ്ട് .രാമകൃഷ്ണ ഹെഗ്ഡെയെകുറിച്ചുളള ഓർമ്മകൾക്ക് മരണമില്ല..ഹെഗ്ഡെയും എസ് .ആർ .ബൊമ്മായും ഒരേ ആശയക്കാരും ആത്മസുഹൃത്തുക്കളുമായിരുന്നു .മുഖ്യമന്ത്രി പദവി വിട്ടൊഴിയുമ്പോൾ ഹെഗ്ഡെ പകരക്കാരനായി നിർദ്ദേശിച്ചത് ബൊമ്മായെ ആയിരുന്നു .ബൊമ്മായും പിന്തുടർന്നത് ഹെഗ്ഡെയുടെ ഭരണശൈലി ആണ് .പക്ഷെ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ഏതാനും മാസമെ മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ
ബൊമ്മായ്ക്ക് കഴിഞ്ഞിരുന്നുള്ളൂ .മൂന്നുപതിറ്റാണ്ടിനുശേഷം ബൊമ്മായുടെ മകൻ ബസവരാജ് ബൊമ്മായ് മുഖ്യമന്ത്രിയായി .രാമകൃഷ്ണ ഹെഗ്ഡെയും എസ് .ആർ .ബൊമ്മായും മുറുകെപ്പിടിച്ചിരുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ സ്വാധീനം ബസവരാജ് ബൊമ്മായിൽ പ്രകടമായിരുന്നെങ്കിലും ബിജെപിക്കാരനായ അദേഹത്തെ നയിക്കുന്നത് ആർ എസ് എസ് ആശയങ്ങളാണ് . പ്രത്യേക അടയാളപ്പെടുത്തലൊന്നുമില്ലാതെയാണ് യെഡിയൂരപ്പയ്ക്ക് പകരക്കാരനായി വന്ന ബസവരാജ് ബൊമ്മായ് മുഖ്യമന്ത്രി പദവിയിൽ നിന്ന് പുറത്തായത്. രാമകൃഷ്ണ ഹെഗ്ഡെയും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യാധിഷ്ഠിത രാഷ്ടീയവും വിസ്മൃതിയിലാണെന്നുള്ളത് വേദനാജനകമാണ് .ജനതാ പ്രസ്ഥാനം തന്നെ ഏതാണ്ട് ഇല്ലാതായ പ്രതീതിയാണ് രാജ്യത്തുള്ളത്.
Photo Courtesy - Google











